Friday, February 23, 2024

ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം

 International Mother Language Day 2024 :

'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍! മര്‍ത്ത്യനു പെറ്റമ്മ തന്‍ഭാഷതാന്‍' . ഇന്ന് ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭാഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം.


ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.1999 നവംബര്‍ 17നാണ് യുനെസ്‌ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്‌ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകള്‍ക്കിടയില്‍ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്. ഇത് 2000ത്തിലെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ശരിവെയ്ക്കുകയും ചെയ്തു. 2008ല്‍ ലോക മാതൃഭാഷാ ദിനം ലോകം ആചരിച്ചു.


ബംഗ്ലാദേശിൽനിന്നാണ് മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനസ്ക്കോയ്ക്ക് മുന്നിലെത്തിയത്. ബംഗ്ലായെ ഒരു ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശികൾ നടത്തിയ പോരാട്ടത്തിൻ്റെ വാർഷികമാണ് ഫെബ്രുവരി 21. അതിനാൽത്തന്നെ മാതൃഭാഷാ ദിനം ആചരിക്കുന്നതിനായി ഈ ദിവസത്തെ യുഎൻ തെരഞ്ഞെടുക്കുകയായിരുന്നു. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നിൽക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.


ലോക മാതൃഭാഷാദിനാചരണത്തോടനുബന്ധിച്ചു ചാത്തന്നൂർ ശ്രീ നാരായണാകോളേജ് , മലയാളവിഭാഗം ചർച്ച സംഘടിപ്പിച്ചു. 'മാതൃഭാഷ എന്ന നിലയിൽ മലയാളഭാഷാ നേരിടുന്ന വെല്ലുവിളികൾ ' എന്ന വിഷയത്തെക്കുറിച്ചു അസിസ്റ്റന്റ് പ്രൊഫസർ ഡോ.കിരൺ മോഹൻ ആണ് ചർച്ചക്ക് നേതൃത്വം നൽകിയത് .വിദ്യാർത്ഥികൾ  ഭാഷാദിനത്തോടനുബന്ധിച്ചുള്ള ഭാഷാപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.







കേരളത്തിലെ ഭാഷാപ്രതിജ്ഞ

"മലയാളമാണ്‌ എന്റെ ഭാഷ

എന്റെ ഭാഷ എന്റെ വീടാണ്‌.

എന്റെ ആകാശമാണ്‌.

ഞാൻ കാണുന്ന നക്ഷത്രമാണ്‌.

എന്നെത്തഴുകുന്ന കാറ്റാണ്.

എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.

എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്‌.

ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത്‌ എന്റെ ഭാഷയിലാണ്‌.

എന്റെ ഭാഷ ഞാൻതന്നെയമണ്‌. "'.

No comments:

Post a Comment