Saturday, May 20, 2023

ഒരു റിപ്പബ്ലിക് ജാഥ

 ഒരു റിപ്പബ്ലിക് ജാഥ


 രാത്രിയുടെ സംഗീതം താരാട്ടുപോലെ ശ്രവിച്ച് അവൾ ഉറക്കത്തിന്റെ അനന്തതയിലേക്ക് മറഞ്ഞു. ഉറക്കത്തിൻറെ അനന്തതയിൽ നിന്ന് അവൾ സ്വപ്നത്തിന്റെ മടിത്തട്ടിലേക്ക് ഊർന്നുവീണു.



 ഇളങ്കാറ്റിൽ ഒരു തലയെടുപ്പന്ന പോലെ ദേശീയ പതാക ആടിയുലയുകയായിരുന്നു.  ഭാരതമാതാവിന്റെ വേഷമണിഞ്ഞു നിന്ന തന്നെ തമാശകൾ പറഞ്ഞു രസിപ്പിക്കുന്ന സുഹൃത്തുക്കൾ . റിപ്പബ്ലിക് ജാഥ ഒരു നദി പോലെ ഒഴുകാനാരംഭിച്ചു.  കുരുന്നുകളുടെ  കാതുകൾക്ക് കുളിർമയേകുന്ന ദേശസംഗീതങ്ങൾ നദിയുടെ ശബ്ദം പോലെ അലയടിച്ചു. ദേശീയതയുടെ വികാരവും പേറി നീങ്ങുന്ന ജാഥ കാണാൻ ജനസാഗരം  വഴിവീഥികൾക്കിരുവശവും നിരന്നു നിന്നു. ഫോണുകളിൽ ചിത്രം പകർത്തുന്നവർ ചുരുക്കം മാത്രം.



ദേശീയതയുടെ തലയുയർത്തലിനിടയിൽ ഹൃദയഭേദകമായ ഒരു രോദനം ഉയർന്നു കേട്ടു. തന്റെ ജീവൻ രക്ഷിക്കാനായി ഓടുന്ന ഒരു തെരുവുസ്ത്രീ. കീറിയ വസ്ത്രങ്ങൾ വാരിപ്പൊതിഞ്ഞ് പ്രാണരക്ഷാർത്ഥം ഓടുകയാണ് ആ സ്ത്രീ. ഒരു നിമിഷം ജനക്കൂട്ടത്തിനുണ്ടായ അമ്പരപ്പിന്റെ ഒടുവിൽ പെട്ടെന്ന് പലരുടെയും മൊബൈലുകൾക്ക് ജീവൻ വെച്ചു. ഓടിയണയുന്ന അവളെ സംരക്ഷിക്കാനോ അവളുടെ വേദന കാണാനോ ആരും തന്നെ തയ്യാറായില്ല.


 തന്റെ കയ്യിലിരുന്ന ദേശീയ പതാക കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ഭാരത മാതാവ് തന്നെ വേണ്ടിവന്നു . ആ പുതപ്പിനുള്ളിൽ  അവൾക്ക് സാന്ത്വനത്തിന്റെ ചൂട് മുകരാനായി.


  ഉറക്കത്തിൽ നിന്നും അവൾ ഞെട്ടി ഉണർന്നു. താൻ കണ്ട സ്വപ്നക്കാഴ്ചകൾക്ക് ഒരു  കടലാസിൽ അവൾ  ജീവൻ നൽകി. ഒരു നാടകമായി അതു പരിണമിച്ചു. 


ആ നാടകത്തിനൊടുവിൽ രണ്ടു വരികൾ കുറിച്ചിട്ടു.


നിശ്ചലമാം പ്രതിമകളേ .. സ്വന്തം മാതൃത്വത്തെ പോലും മനസ്സിലാകാതെ ജീവിക്കുന്ന നിങ്ങൾ ഭാരതമാതാവിനു തന്നെ ഭാരമാണ്..


ആ കലാസൃഷ്ടി അവൾ തന്റെ അധ്യാപകരെയും സുഹൃത്തുക്കളെയും കാട്ടിക്കൊടുത്തു. തെറ്റുകൾ തിരുത്തി വേദിയിൽ അതിനു പൂർണ്ണജീവൻ നൽകി. സ്കൂൾ കലോത്സവത്തിൽ ജീവനുള്ള ആ സ്വപ്നം വിജയക്കൊടി പാറിച്ചു.


 ദേശീയപതാക ഇപ്പോഴും തലപൊക്കി കാറ്റത്ത് ആടിയുലയുന്നുണ്ടായിരുന്നു .ഇനിയും ഇതുപോലുള്ള ജനത വരുമെന്ന് വിശ്വാസത്തോടെ .



ലക്ഷ്മി വിജയൻ

മൂന്നാം വർഷ ബി എ ഡിഗ്രി ഹിസ്റ്ററി

സെമിനാർ-എം.ടി യുടെ നോവൽ പ്രപഞ്ചം -പാഠാന്തരതയുടെ പൊരുളുകൾ

 എം.ടി യുടെ നോവൽ പ്രപഞ്ചം -പാഠാന്തരതയുടെ പൊരുളുകൾ എന്ന വിഷയത്തിൽ മലയാളം വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. (ജനുവരി 17-ന് രാവിലെ 9.30-ന് കോളേജിലെ സെമിനാർ ഹാളിൽ.) വർക്കല, ശിവഗിരി, ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.നിത്യ പി.വിശ്വം മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത, സെമിനാറിന്റെ കോ-ഓർഡിനേറ്റർ കൂടിയായ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഖ്യാത സാഹിത്യകാരൻ ശ്രീ.എം ടി വാസുദേവൻ നായരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ആ സെമിനാർ. എം.ടി വാസുദേവൻ നായരും അദ്ദേഹത്തിന്റെ വിവിധ നോവലുകളും പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ 'രണ്ടാമൂഴം' എന്ന സെമിനാറിൽ ചർച്ച ചെയ്തു. സെമിനാറിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു, സെമിനാറിൽ നിന്ന് തങ്ങൾക്ക് ഏറെ നേട്ടമുണ്ടായതായും അവർ അഭിപ്രായപ്പെട്ടു.




വെബിനാർ-ആ മനുഷ്യൻ നീ തന്നെ-നാടകപരിചയം-

 ആ മനുഷ്യൻ നീ തന്നെ-നാടകപരിചയം-എന്ന വിഷയത്തിൽ മലയാളം വകുപ്പ് ഒരു വെബിനാർ സംഘടിപ്പിച്ചു. (സെപ്റ്റംബർ 11ന് രാവിലെ 10.30ന് ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിലൂടെ). മലയാളത്തിലെ പ്രശസ്ത നാടകകൃത്തുക്കളിലൊരാളായ സി.ജെ.തോമസ് രചിച്ച നാടകത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ് നയിച്ചത് തിരുവനന്തപുരത്തെ ഓൾ സെയ്ന്റ്സ് കോളേജിലെ മലയാളം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ.സി.ഉദയകലയും ഡോ.ലതിക എ.സിയും ചേർന്നാണ്. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത, വെബിനാർ കോ-ഓർഡിനേറ്റർ കൂടിയായ മലയാളം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കിരൺ മോഹൻ എം എന്നിവർ വെബിനാറിനു ആശംസകൾ നേർന്നു.





സെമിനാർ -തകഴിയും രണ്ടിടങ്ങഴിയും

 തകഴിയും രണ്ടിടങ്ങഴിയും എന്ന വിഷയത്തിൽ മലയാളം വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. (ഓഗസ്റ്റ് 29-ന് രാവിലെ 9.30-ന് കോളേജിലെ സെമിനാർ ഹാളിൽ.) കൊല്ലം, ശ്രീനാരായണ കോളേജിലെ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്.ജയൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്.ലത, സെമിനാറിന്റെ കോ-ഓർഡിനേറ്റർ കൂടിയായ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, ഡോ. കിരൺ മോഹൻ എം എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ചടങ്ങ് വിശിഷ്ടമായി. വിഖ്യാത സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതത്തിലേക്കും അദ്ദേഹത്തിന്റെ ഏറ്റവും അംഗീകരിക്കപ്പെട്ട നോവലായ ‘രണ്ടിടങ്ങഴി’യിലേക്കും വെളിച്ചം വീശുന്നതായിരുന്നു മുഖ്യപ്രഭാഷണം. സെമിനാറിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു, സെമിനാറിൽ നിന്ന് തങ്ങൾക്ക് ഏറെ നേട്ടമുണ്ടായതായി അവർ അഭിപ്രായപ്പെട്ടു.