Monday, March 14, 2016

രണ്ടു കവിതകൾ


(1)പൂർണ്ണവിരാമം
വിഷാദച്ചുവയുള്ള കവിതയിൽ
ചുടുചോരകൊണ്ടു
പടവാളിനാൽ രചിച്ച
കൾക്കണ്ടച്ചുവയുള്ള
വാക്കുകൾക്കിടയിലെ
പൂർണവിരാമമാണവൾ..................
(2)നൊമ്പരം
മനസ്സിൽ കുത്തിയിറങ്ങിയ വാക്കിന്
അമ്പിന്റെ മൂർച്ചയുണ്ടായിയുന്നു,
വാക്കുകൊണ്ട് കടലാഴം തീർത്തമുറിവ്.....
.ഒഴുകിയചോരചാലിന്
കണ്ണീരിന്റെ സ്വാദും....
തണുത്തവിരലിൽ
ചായം പൂശി തേച്ചപ്പോഴുണ്ടായ
കരിഞ്ഞുണങ്ങിയ മരവിച്ച പാടുകളാണ്
 ഓർമ്മകൾ......

                     ----    
അജിത്‌ എ 
രണ്ടാം വർഷ മലയാളം  

നിശബ്ദത പാലിയ്ക്കുക.



തെരുവുറങ്ങുന്നു

ഇനി നിങ്ങൾ
ശ്മശാനത്തിൻ മൂകമാവുക.

ഇനിയിവിടെ മരണത്തിൻ
വിത്തുപാകുന്ന കർഷകർ
ജനിയ്ക്കും

ഉണർന്നിരിയ്ക്കുന്ന കൺകളെ
അനീതിയുടെ കുരുതിത്തറയിൽ
ബലിദാനം നൽകും.

ഇനി നിങ്ങൾ
നിശബ്ദരാവുക.

ഹിംസയുടെ ചക്രവാളങ്ങൾ
ഉദയം ചെയ്യുമ്പോൾ,
പ്രത്യാശയുടെ കണ്ണുകൾ
ചൂഴ്ന്നെടുക്കണം.

വിപ്ലവകാരികളെ
കുരിശിലേറ്റി നടക്കുന്നു
സാമ്രാജ്യത്വകർ.

അരുത്;
ആശയങ്ങളുടെ കൊട്ടാരത്തെ
പടുത്തുയർത്തരുത് നിങ്ങൾ.

നീതിയുടെ
പ്രത്യയശാസ്ത്രത്തെ
തകർത്തെറിയുക.

കാലത്തിനൊത്ത്
ജീവിയ്ക്ക നിങ്ങൾ.

ഇനി നിങ്ങൾ
നിശബ്ദത പാലിയ്ക്കുക.

അറിയുക;
നിശബ്ദത പാലിയ്ക്കുകയെന്നാൽ
വാക്കുകൾക്ക് ചങ്ങലയിടുക
എന്നാണർത്ഥം.........   

    ------       അജിത്‌ പി 
രണ്ടാം വർഷ മലയാളം                     

സ്മൃതിപർവ്വം

  
  കാലത്തിന്റെ കെട്ടുപാടുകൾക്ക്
  അപ്പുറത്ത് നിന്ന്
  ജനന മരണങ്ങൾക്ക്
  അപ്പുറത്ത് നിന്ന്
  ജന്മ-ജന്മാന്തരങ്ങൾക്കും
  ഇരുട്ടിനും വെളിച്ചത്തിനും
  സത്യത്തിനും മിഥ്യക്കും
  വചനത്തിനും പ്രണവത്തിനും
  കവിക്കും കവിതക്കും
  കാലത്തിനും കയ്പ്പുനീരിനും
  കാര്യത്തിനും കാരണത്തിനും
  മുൻപേ
  കൈകോർത്ത്‌ നടന്നവർ നാം
ഹിമാലയ സാനുക്കളിൽ ,
ഭാരതം ജനിച്ച
ഭരതന്റെ നാട്ടുരാജ്യങ്ങളിൽ
കോസലത്തിൽ
കിഷ്ക്കിന്ധയിൽ
ലങ്കയിൽ
അശോകവനികയിൽ
  ഭ്രാതൃരക്തം കുടിച്ചു മദിച്ച
  പഞ്ചമവേദപ്രയാണ
  ഗിരികളിൽ
  സമതലങ്ങളിൽ
  വനങ്ങളിൽ
മിത്രം ശത്രുവാകുന്ന
കൊളോസിയത്തിന്റെ
അസ്ഥിവാരങ്ങളിൽ
    ബത്ലഹേമിലെ
    കാലിത്തൊഴുത്തിന്റെ
   ചാണകം മെഴുകിയ
   മൂലകളിൽ
കാപ്പിരികൾ
കിന്നരം മീട്ടുന്ന
കാനനത്തിന്റെ
കാവ്യപ്രപഞ്ചങ്ങളിൽ
   ഓംകാരബീജത്തിനാദ്യരൂപം വന്ന
   ചേതസ്സും രേതസ്സും ഐക്യരൂപം പൂണ്ട
   ഊർജ്ജജന്മത്തിന്റെയുജ്ജ്വല സീമകളിൽ
മോഹം തണുത്ത്
ബോധം കിളിർത്ത്‌
വാക്കിന്റെ മൂക്കിന്നു
കടിഞ്ഞാണിട്ടവന്റെ
വൃക്ഷച്ച്ചുവടുകളിൽ
  നോഹയുടെ
  നൂഹിന്റെ
  പെട്ടകങ്ങളിൽ
  ഇണചേർന്നു നടന്നവർ നാം
എന്റെ കണ്ണിൽ
കനലെരിഞ്ഞു
നിന്റെ കണ്ണിൽ
മഴ മുറിഞ്ഞു
വാക്ക്
സഖീ
ഇനിയും മുഷിയാത്തോരീ
വേഷം മുഷിയും
ഒരുനാൾ
പുതിയ ആടകൾ തേടും നാം
എനിക്ക് നീയും
നിനക്ക് ഞാനും
യാത്ര
വീണ്ടും യാത്ര



-----അതുൽ ബാബു എ ബി 
രണ്ടാം വർഷ മലയാളം  
                          

ഇ - നായാട്ടുകാർക്ക്


ചോര കുടിച്ചു നിറഞ്ഞെങ്കില്‍
പോയി ആ വായും മുഖവും കഴുകു,
ചോരക്കറ പ്രൊഫൈല്‍ പിക്ച്ചറില്  വരരുതല്ലോ.
അല്ലേല്‍ ഭയക്കണ്ട
ഫോട്ടോഷോപ്പില്‍ നമുക്കത് എഡിറ്റ് ചെയ്ത് നീക്കാം.
തിരികെ വന്ന് പതുങ്ങിയോ ഞെളിഞോ ഇരിക്കാം.
കണ്ണുകളും വിരലുകളും കൂര്‍പ്പിക്കാം,
അടുത്ത ഇര ഇപ്പോഴെത്തും.

നാം ഇന്നിന്‍റെ ശ്രേഷ്ട കോടതികളാണല്ലോ

----ജിഷ്ണു ഭാസ്കർ 
രണ്ടാം വർഷ മലയാളം  

ഓർമ്മ


വീതിയില്ലാ പാതയിൽ ഞാൻ ഏകാന്തയായി നിന്നു
പ്രണയം കൊഴിഞ്ഞു വിരഹിതയായി
മൂകതയെകും ആ നൊമ്പര നിമിഷം
മധുര മൊഴി ചൊല്ലും എൻപ്രിയന്റെ വാക്കുകൾ
കേട്ട് കേട്ടില്ലെന്നു നടിച്ച നിമിഷം
എൻ മനം കനലായ്‌ എരിഞ്ഞുപോയ്‌
മൃത്യുവിൻ കൈപ്പിടിയിലമർന്നുപോയ്
ഏകയാണിന്നു  ഞാൻ , ഓർമ്മയിൽ മുഴുകി
വിമൂകമായെൻ ജീവിതപ്പാതയിൽ
പതറിയാൽ ആത്മധൈര്യം വെടിയുമെന്നെൻ  മനം
വെറുതെ മന്ത്രിക്കുമാ നിമിഷം
ധൈര്യം വെടിഞ്ഞു ഞാൻ പാതയിൽ നില്പ്പൂ
ആരുമില്ലിനി കൂട്ടിനെന്നുള്ളോരു 
നേരറിഞ്ഞു ഞാൻ ആ വേളയിൽ
ഉൾക്കാഴ്ച്ചയിൽ കാണുന്നു ഞാനെന്റെ
പ്രിയന്റെ വിഷാദ മൗനം
വിരഹം തുളുമ്പും തവ ഹൃത്തിൽ
സ്പർശിക്കുവാൻ ഞാൻ  ഗ്രഹിപ്പൂ .
----


മനീഷ മനോജ്‌ 
രണ്ടാം വർഷ മലയാളം  



കാമുകി


ഭൂമിയിൽ നിഴൽ പതിച്ചതു മുതൽ
അവളെന്റെ കാമുകി
കല്പാന്ത്യത്തിൽ നിന്നും എന്നെ  തിരഞ്ഞെത്തിയ
എന്റെ കാമുകി
സത്യം
ഒരുനാൾ അവളെന്റെ സ്വന്തം
കറുത്ത കരങ്ങളാൽ പുല്കി
എന്നെ ആനയിക്കുന്ന മരണം

എന്നെ കാത്തിരിക്കുന്ന എന്റെ കാമുകി 


------സാജൻ എസ് കുമാർ 
രണ്ടാം വർഷ മലയാളം  

സ്മൃതി ശലഭങ്ങൾ


മറന്നിട്ടില്ല ഞാൻ
കാലത്തിനും ജനനത്തിനുമപ്പുറം

തമസ്സിൻ തലങ്ങളിൽ ഞാനറിഞ്ഞ നിശ്വാസം
നുണപോൽ തോന്നും നിണത്തിൻ ചൂട്
പടരും കൈവെള്ളയിൽ പകർന്നെഴുതിയ വിശ്വാസം
സ്നിഗ്ധഭാവനയിൽ തീർത്ത സൌന്ദര്യം കൂട്ടിപ്പിടിച്ച്
കാലങ്ങൾ പഴകിയ കൊഴിഞ്ഞ കണ്പീലി പെറുക്കിയെടുത്ത്
ആക്രന്ദനത്തിന്റെ ഹേതു തേടി ആരണ്യകം  നടന്നു
പുതിയ തീരങ്ങൾ കടന്നത് എനിക്കോർമ്മയുണ്ട്
അശോകവനികയിലെ ശ്യാമതീരത്തുവച്ച്
എൻ നെറ്റിത്തടത്തിൽ നീ  തേച്ച സിന്ദൂരം മണക്കുന്നുണ്ട്
ഹരിതഗിരിയുടെ താഴ്വാരങ്ങളിൽ വച്ച്
ഉണങ്ങിയ ഇലകൊണ്ടെൻ പിരികം ചീകിയത് ഓർമ്മയുണ്ട്
ചാണകം  മെഴുകിയ മൂലകളിൽ വച്ച്
അഴിഞ്ഞുപോയ ചിലമ്പെൻ കഴലിൽ അണിയിച്ചത്  ഓർമ്മയുണ്ട് 
വൃക്ഷച്ചുവടിൽ വച്ചു നീ തുണ്ടമമർത്തി ചുംബിച്ചപ്പോൾ
എന്റെ ചുണ്ട് മുറിഞ്ഞത് ഓർമ്മയുണ്ട്
നിന്റെ വാക്ക്
ആ വാണിയിൽ വഴുതി വിധികണങ്ങൾ

നമ്മെ ഒന്നാക്കിടട്ടെ.          
---
സുഹ്റ മോൾ 
രണ്ടാം വർഷ മലയാളം