കാലത്തിന്റെ കെട്ടുപാടുകൾക്ക്
അപ്പുറത്ത് നിന്ന്
ജനന മരണങ്ങൾക്ക്
അപ്പുറത്ത് നിന്ന്
ജന്മ-ജന്മാന്തരങ്ങൾക്കും
ഇരുട്ടിനും വെളിച്ചത്തിനും
സത്യത്തിനും മിഥ്യക്കും
വചനത്തിനും പ്രണവത്തിനും
കവിക്കും കവിതക്കും
കാലത്തിനും കയ്പ്പുനീരിനും
കാര്യത്തിനും കാരണത്തിനും
മുൻപേ
കൈകോർത്ത് നടന്നവർ
നാം
ഹിമാലയ സാനുക്കളിൽ ,
ഭാരതം ജനിച്ച
ഭരതന്റെ നാട്ടുരാജ്യങ്ങളിൽ
കോസലത്തിൽ
കിഷ്ക്കിന്ധയിൽ
ലങ്കയിൽ
അശോകവനികയിൽ
ഭ്രാതൃരക്തം കുടിച്ചു
മദിച്ച
പഞ്ചമവേദപ്രയാണ
ഗിരികളിൽ
സമതലങ്ങളിൽ
വനങ്ങളിൽ
മിത്രം ശത്രുവാകുന്ന
കൊളോസിയത്തിന്റെ
അസ്ഥിവാരങ്ങളിൽ
ബത്ലഹേമിലെ
കാലിത്തൊഴുത്തിന്റെ
ചാണകം മെഴുകിയ
മൂലകളിൽ
കാപ്പിരികൾ
കിന്നരം മീട്ടുന്ന
കാനനത്തിന്റെ
കാവ്യപ്രപഞ്ചങ്ങളിൽ
ഓംകാരബീജത്തിനാദ്യരൂപം
വന്ന
ചേതസ്സും രേതസ്സും
ഐക്യരൂപം പൂണ്ട
ഊർജ്ജജന്മത്തിന്റെയുജ്ജ്വല
സീമകളിൽ
മോഹം തണുത്ത്
ബോധം കിളിർത്ത്
വാക്കിന്റെ മൂക്കിന്നു
കടിഞ്ഞാണിട്ടവന്റെ
വൃക്ഷച്ച്ചുവടുകളിൽ
നോഹയുടെ
നൂഹിന്റെ
പെട്ടകങ്ങളിൽ
പെട്ടകങ്ങളിൽ
ഇണചേർന്നു നടന്നവർ
നാം
എന്റെ കണ്ണിൽ
കനലെരിഞ്ഞു
നിന്റെ കണ്ണിൽ
മഴ മുറിഞ്ഞു
വാക്ക്
സഖീ
ഇനിയും മുഷിയാത്തോരീ
വേഷം മുഷിയും
ഒരുനാൾ
പുതിയ ആടകൾ തേടും നാം
എനിക്ക് നീയും
നിനക്ക് ഞാനും
യാത്ര
വീണ്ടും യാത്ര
-----അതുൽ ബാബു എ ബി
രണ്ടാം വർഷ മലയാളം
No comments:
Post a Comment