Monday, March 14, 2016

നിശബ്ദത പാലിയ്ക്കുക.



തെരുവുറങ്ങുന്നു

ഇനി നിങ്ങൾ
ശ്മശാനത്തിൻ മൂകമാവുക.

ഇനിയിവിടെ മരണത്തിൻ
വിത്തുപാകുന്ന കർഷകർ
ജനിയ്ക്കും

ഉണർന്നിരിയ്ക്കുന്ന കൺകളെ
അനീതിയുടെ കുരുതിത്തറയിൽ
ബലിദാനം നൽകും.

ഇനി നിങ്ങൾ
നിശബ്ദരാവുക.

ഹിംസയുടെ ചക്രവാളങ്ങൾ
ഉദയം ചെയ്യുമ്പോൾ,
പ്രത്യാശയുടെ കണ്ണുകൾ
ചൂഴ്ന്നെടുക്കണം.

വിപ്ലവകാരികളെ
കുരിശിലേറ്റി നടക്കുന്നു
സാമ്രാജ്യത്വകർ.

അരുത്;
ആശയങ്ങളുടെ കൊട്ടാരത്തെ
പടുത്തുയർത്തരുത് നിങ്ങൾ.

നീതിയുടെ
പ്രത്യയശാസ്ത്രത്തെ
തകർത്തെറിയുക.

കാലത്തിനൊത്ത്
ജീവിയ്ക്ക നിങ്ങൾ.

ഇനി നിങ്ങൾ
നിശബ്ദത പാലിയ്ക്കുക.

അറിയുക;
നിശബ്ദത പാലിയ്ക്കുകയെന്നാൽ
വാക്കുകൾക്ക് ചങ്ങലയിടുക
എന്നാണർത്ഥം.........   

    ------       അജിത്‌ പി 
രണ്ടാം വർഷ മലയാളം                     

No comments:

Post a Comment